Movies
രണ്വീര് സിംഗിനെ നായകനാക്കി ആദിത്യ ധര് സംവിധാനം ചെയ്ത ചിത്രമാണ് ധുരന്ധര്. ബോക്സ് ഓഫീസില് മികച്ച വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം 19ന് പുറത്തിറങ്ങും. ഈ അവസരത്തില് നടിയും സംവിധായകന് ആദിത്യ ധറിന്റെ ഭാര്യയുമായ യാമി ഗൗതം ധുരന്ധര് 2വിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
താന് ഇതിനോടകം ചിത്രം കണ്ടുകഴിഞ്ഞുവെന്നു പറഞ്ഞ യാമി ഗൗതം അസാധാരണം എന്നാണ് ധുരന്ധര് 2 വിനെ വിശേഷിപ്പിച്ചത്. സിനിമ കണ്ടശേഷം താന് വല്ലാതെ ഇമോഷണലായി എന്നും യാമി ഗൗതം കൂട്ടിച്ചേര്ത്തു.
സംവിധായകൻ തന്റെ പ്രേക്ഷകരെ സ്നേഹിക്കുന്നു, തന്റെ രാജ്യത്തെ സ്നേഹിക്കുന്നു. ഈ സിനിമ അര്ഥവത്താക്കാന് അവന് തന്റെ ഹൃദയവും ആത്മാവും ഇതില് പകര്ന്നു നല്കിയിട്ടുണ്ട്.
പ്രേക്ഷകര്ക്ക് ഒരിക്കലും മറക്കാന് കഴിയാത്ത ഒരു അനുഭവമായിരിക്കും ഇത്. ഇതൊരു ഇന്ത്യന് സിനിമയാണ്, ഇത് ഇന്ത്യന് സിനിമാ വ്യവസായത്തില് നിന്നുള്ളതാണ് എന്ന് നിങ്ങള് അഭിമാനത്തോടെ പറയും. അതുകൊണ്ട് നമുക്ക് ഇത് ആഘോഷിക്കാം. യാമി ഗൗതം പറഞ്ഞു.
രണ്വീര് സിംഗ്, അര്ജുന് രാംപാല്, സഞ്ജയ് ദത്ത്, മാധവന് എന്നിവരാണ് ചിത്രത്തില് പ്രധാന വേഷങ്ങളിലെത്തുന്നത്.
Movies
ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗും ആദിത്യ ധറും ഒന്നിക്കുന്ന ധുരന്ധർ 2 ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ നോൺ-തിയേറ്ററിക്കൽ ബിസിനസ് റെക്കോർഡുകൾ തകർക്കുന്നു. തിയേറ്റർ റിലീസിന് മുൻപ് തന്നെ ചിത്രം 245 കോടി രൂപയുടെ ബിസിനസ് ഉറപ്പാക്കി.
അടുത്ത കാലത്ത് ഒരു ഇന്ത്യൻ സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണു ചിത്രത്തിന്റെ ഡിജിറ്റൽ, സാറ്റലൈറ്റ്, മ്യൂസിക് അവകാശങ്ങൾ വിറ്റുപോയത്.
കണക്കുകൾ ഇങ്ങനെ
ഒടിടി ജിയോ ഹോട്ട്സ്റ്റാർ - 150 കോടി, സാറ്റലൈറ്റ് സ്റ്റാർ നെറ്റ്വർക്ക് 50 കോടി, മ്യൂസിക് ടി-സീരീസ് 45 കോടി
ചിത്രത്തിന്റെ ഒന്നാം ഭാഗം ഏകദേശം 140 കോടി രൂപയ്ക്കാണ് നോൺ-തിയേറ്ററിക്കൽ അവകാശങ്ങൾ വിറ്റിരുന്നത്. എന്നാൽ രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോൾ ബിസിനസ് മൂല്യം ഇരട്ടിയോളമായി വർധിച്ചു. സാറ്റലൈറ്റ് വിപണിയിൽ വലിയ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ, സ്റ്റാർ നെറ്റ്വർക്ക് നൽകിയ 50 കോടി രൂപ ഇൻഡസ്ട്രിയെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമാണ്.
ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച നോൺ-തിയേറ്ററിക്കൽ ബിസിനസ് പട്ടികയിൽ ധുരന്ധർ 2- ഇതോടെ മുൻനിരയിൽ ഇടംപിടിച്ചു. ജിയോ സ്റ്റുഡിയോസിന് ഈ ഫ്രാഞ്ചൈസിയിലൂടെ ലഭിക്കുന്ന ലാഭം വളരെ വലുതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ കൂടുതൽ വിവരങ്ങൾ ഏപ്രിലിൽ പുറത്തുവിടുമെന്നാണ് അണിയറക്കാർ നൽകുന്ന സൂചന.
Movies
രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ആക്ഷൻ ത്രില്ലർ ധുരന്ദർ രണ്ടാം ഭാഗത്തിന്റെ ടീസർ എത്തി. ധുരന്ദർ: ദ് റിവഞ്ച് എന്നാണ് സിനിമയുടെ ടൈറ്റിൽ.
രൺവീർ അവതരിപ്പിക്കുന്ന ഹംസ അലി മസാരിയുടെ ഭൂതകാലവും അക്ഷയ് ഖന്ന അവതരിപ്പിക്കുന്ന റഹ്മാൻ ഡക്കെയ്ത്തിന്റെ മരണ ശേഷം ലയാരിയുടെ രാജാവായി മാറിയ ശേഷമുള്ള ജീവിതവുമാണ് രണ്ടാം ഭാഗത്തില് പ്രമേയമാകുന്നത്. ചിത്രം മാർച്ച് 19ന് മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ റിലീസിനെത്തും.
Movies
ധുരന്ധർ- ഇതിഹാസവിജയത്തിൽ സംവിധായകൻ പ്രിയദർശൻ തന്റെ ശിഷ്യനെ അഭിനന്ദിച്ചതു വൻ തരംഗമായി മാറിയിരുന്നു. ആദിത്യ ധറിനൊപ്പമുള്ള ലൊക്കേഷനിലെ ഫോട്ടോ പങ്കുവച്ചുകൊണ്ടായിരുന്നു പ്രിയദർശൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ആശംസകൾ അറിയിച്ചത്. ഇപ്പോൾ ഗുരുവിനോടുള്ള തന്റെ ആദരവും സ്നേഹവും പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ അക്കൗണ്ടിൽ ആദിത്യ പങ്കുവച്ച കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോഴും തന്റെ തുടക്കകാലത്തെയും തന്നെ കൈപിടിച്ചുയർത്തിയ ഗുരുവിനെയും മറക്കാതെ സംവിധായകൻ. ബോക്സ് ഓഫീസിൽ ധുരന്ധർ 900 കോടി രൂപയിലേക്കു കുതിക്കുമ്പോൾ, തന്റെ കരിയറിലെ വഴിത്തിരിവായ പ്രിയദർശനോടു നന്ദി പറയുകയാണ് യുവ സംവിധായകൻ.
ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തിയ ധുരന്ധർ എന്ന ചിത്രത്തിലൂടെ തന്റെ പ്രിയ ശിഷ്യൻ അസാമാന്യ വിജയം കൈവരിച്ചതിൽ പ്രിയദർശൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധേയമായിരുന്നു: എന്റെ ശിഷ്യൻ ഇത്ര വലിയ വിജയത്തിലേക്ക് ഉയരുന്നത് കാണുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നില്ല. അഭിനന്ദനങ്ങൾ ആദിത്യ ധർ. ധുരന്ധർ 2-വിനും എന്റെ എല്ലാ ആശംസകളും- പ്രിയദർശൻ കുറിച്ചു.
എനിക്കൊപ്പം നിന്നയാൾ
പ്രിയദർശന്റെ കുറിപ്പിന് ആദിത്യ ധർ നൽകിയ മറുപടി സിനിമാ ലോകത്തിന്റെയാകെ കൈയടി നേടി. വാക്കുകൾക്ക് അതീതമായ സ്നേഹമാണ് അദ്ദേഹം തന്റെ ഗുരുവിനോടു പ്രകടിപ്പിച്ചത്.
പ്രിയൻ സർ... ഒന്നുമില്ലാതിരുന്ന കാലത്ത്, ആത്മവിശ്വാസവും മാത്രം ഉണ്ടായിരുന്ന സമയത്ത് എന്നെ വിശ്വസിച്ചയാളാണ്. എനിക്ക് കേവലം ജോലി നൽകുക മാത്രമല്ല, ഒരു മനുഷ്യനെന്ന നിലയിലും സംവിധായകനെന്ന നിലയിലും അന്തസും സ്നേഹവും വിശ്വാസവും എന്താണെന്ന് താങ്കൾ പഠിപ്പിച്ചു...
പ്രിയദർശന്റെ ആക്രോശ്, തേസ് എന്നീ സിനിമകളിൽ പ്രവർത്തിച്ചുകൊണ്ടാണ് ആദിത്യ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ഇന്ന് വലിയ വിജയങ്ങൾ നേടുമ്പോഴും താൻ എന്നും ഒരു വിദ്യാർഥിയായിരിക്കുമെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. താൻ ഒന്നുമല്ലാതിരുന്ന കാലത്ത് തന്നെ ചേർത്തുപിടിച്ച ഗുരുവിനുള്ള സമർപ്പണമായാണ് ആദിത്യ തന്റെ ഓരോ വിജയത്തെയും കാണുന്നത്
ബോക്സ് ഓഫീസിൽ കുതിച്ച് ധുരന്ധർ
റിലീസ് ചെയ്ത് വെറും 35 ദിവസങ്ങൾക്കുള്ളിൽ 840.85 കോടി രൂപയാണ് ഇന്ത്യയിൽനിന്ന് മാത്രം ചിത്രം സ്വന്തമാക്കിയത്. നിലവിലെ കണക്കുകൾ പ്രകാരം ഉടൻതന്നെ ചിത്രം 900 കോടി ക്ലബ്ബിൽ ഇടംപിടിക്കും. ജിയോ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ കളക്ഷൻ വിവരങ്ങൾ പുറത്തുവിട്ടത്.
ചിത്രത്തിന്റെ വൻ വിജയത്തെത്തുടർന്ന് രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 2026 മാർച്ച് 19-ന് ധുരന്ധർ 2- തിയേറ്ററുകളിലെത്തും. ഹിന്ദിക്കു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
Movies
ബോളിവുഡിലെ കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് രൺവീർ സിംഗ് നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടു രംഗങ്ങളോട് തനിക്ക് വിയോജിപ്പുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അനുരാഗ് കശ്യപ്.
നടന്മാരായ മാധവനും രൺവീറും പറയുന്ന ഓരോ ഡയലോഗുകളിലാണ് അനുരാഗ് തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചത്. അതേസമയം, സാങ്കേതികമായി മികച്ചുനിൽക്കുന്ന ചിത്രമാണ് ധുരന്ധറെന്നും അദ്ദേഹം കുറിച്ചു.
രാജ്യത്തോട് വെറുപ്പും അമർഷവും ഇല്ലെങ്കിൽ ഒരു ചാരന് ചാരനാവില്ല. അതുപോലെ, ശത്രു രാജ്യത്തോട് അമർഷം ഇല്ലെങ്കിൽ ഒരു സൈനികനും സൈനികനാവാനും ആകില്ല. ഈ രണ്ട് കാര്യങ്ങളോട് എനിക്ക് യാതൊരു പ്രശ്നവുമില്ല.
എന്നാൽ, രണ്ട് രംഗങ്ങളോട് എനിക്ക് വിയോജിപ്പുണ്ട്. ഒന്ന് രാജ്യത്തെക്കുറിച്ച് ചിന്തിക്കുന്ന സർക്കാർ ഒരുകാലത്ത് വരുമെന്ന മാധവന്റെ ഡയലോഗ്. മറ്റൊന്ന് ഇത് പുതിയ ഇന്ത്യയാണെന്ന് രൺവീറിന്റെ ഡയലോഗ്. ഈ രണ്ട് സന്ദർഭങ്ങളും മാറ്റി നിർത്തിയാൽ ധുരന്ധർ ഒരു നല്ല സിനിമയാണ്'.
ചിത്രത്തിന്റെ സംവിധായകൻ ആദിത്യ ധറിനേയും അനുരാഗ് പ്രശംസിച്ചു. അംഗീകരിച്ചാലും ഇല്ലെങ്കിലും അദ്ദേഹം സത്യസന്ധനാണ്. മറ്റ് പലരേയും പോലെ അവസരവാദിയല്ല. അദ്ദേഹത്തിന്റെ സിനിമകൾ കശ്മീരിനെക്കുറിച്ചാണ്. പല അനുഭവങ്ങളിലൂടെയും കടന്നുപോയ ഒരു കശ്മീരി പണ്ഡിറ്റാണ് അദ്ദേഹം.
ഒരു സംവിധായകനെന്ന നിലയിൽ ചിത്രത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് വാദിക്കണമെങ്കിൽ നേരിട്ട് ആദിത്യ ധറിനെ വിളിക്കും അനുരാഗ് കശ്യപ് കൂട്ടിച്ചേർത്തു.
അതേസമയം, ചിത്രം ആഗോള കളക്ഷനിൽ 1,100 കോടി പിന്നിട്ടതായി നിർമാതാക്കളായ ജിയോ സ്റ്റുഡിയോസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. 1999-ലെ കാണ്ഡഹാർ വിമാനറാഞ്ചൽ, 2001-ലെ പാർലമെന്റ് ഭീകരാക്രമണം, 2008-ലെ മുംബൈ ഭീകരാക്രമണം എന്നീ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം.
Viral
സിനിമയേക്കാൾ വേഗത്തിൽ അതിന്റെ സംഗീതം ജനഹൃദയങ്ങൾ കീഴടക്കുന്ന കാഴ്ചയാണ് ഇപ്പോൾ 'ധുരന്ധർ' എന്ന ചിത്രത്തിന്റെ കാര്യത്തിൽ സംഭവിക്കുന്നത്.
പ്രത്യേകിച്ച് റഹ്മാൻ ഡക്കൈറ്റ് എന്ന കഥാപാത്രത്തിന്റെ എൻട്രി മ്യൂസിക് ഇൻസ്റ്റാഗ്രാം റീലുകളിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വൻ തരംഗമായി മാറിയിരിക്കുന്നു.
ആവേശം നിറയ്ക്കുന്ന താളവും ഉള്ളിൽ ഭയം ജനിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ഇതിനോടകം തന്നെ നിരവധി ക്രിയേറ്റർമാരെക്കൊണ്ട് ഈ ഈണം പുനരാവിഷ്കരിക്കാൻ പ്രേരിപ്പിച്ചു കഴിഞ്ഞു.
എന്നാൽ ഇത്തരത്തിൽ ആയിരക്കണക്കിന് വീഡിയോകൾ പുറത്തുവരുമ്പോഴും ഒരൊറ്റ വീഡിയോ മാത്രം അതിന്റെ അവതരണത്തിലെ വൈവിധ്യം കൊണ്ട് ലോകമെമ്പാടുമുള്ള പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.
തികച്ചും നാടകീയമായ രംഗത്തോടെയാണ് ഈ വൈറൽ വീഡിയോ ആരംഭിക്കുന്നത്. ഒരാൾ തന്റെ കയ്യിലിരിക്കുന്ന തോക്കിനോട് സാമ്യമുള്ള വസ്തു പതുക്കെ മുഖത്തിന് നേരെ ഉയർത്തുന്നത് കാണുമ്പോൾ ഏതൊരു കാഴ്ചക്കാരന്റെയും ഉള്ളിൽ ഒരു നിമിഷം ഭീതി ജനിപ്പിക്കും.
വീഡിയോയുടെ പശ്ചാത്തലവും ക്യാമറ ആംഗിളും എന്തോ അനിഷ്ട സംഭവം നടക്കാൻ പോകുന്നു എന്ന തോന്നലാണ് ഉളവാക്കുന്നത്. എന്നാൽ ആ നിഗൂഢത നിറഞ്ഞ നിമിഷങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ട് വലിയൊരു മാറ്റമാണ് പിന്നീട് സംഭവിക്കുന്നത്.
കയ്യിലിരിക്കുന്നത് ആയുധമല്ലെന്നും അതൊരു സംഗീത ഉപകരണമാണെന്നും തിരിച്ചറിയുന്ന നിമിഷം പ്രേക്ഷകർക്ക് അത്ഭുതമായി മാറുന്നു.
നിഗൂഢമായ ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ധുരന്ധറിലെ തീം മ്യൂസിക് അത്യന്തം മനോഹരവും ഹൃദയസ്പർശിയുമായ രീതിയിൽ അദ്ദേഹം വായിച്ചു തുടങ്ങുകയാണ്.
ഒരു നിമിഷം തന്റെ ഹൃദയമിടിപ്പ് നിലച്ചുപോയെന്നും പിന്നീട് കേട്ട സംഗീതം രോമാഞ്ചമുണ്ടാക്കിയെന്നും നിരവധി പേർ കമന്റ് ബോക്സുകളിൽ കുറിക്കുന്നു.
ഒരു തോക്കിനെപ്പോലും സംഗീതം പൊഴിക്കുന്ന ഉപകരണമാക്കി മാറ്റാൻ കലയ്ക്ക് കഴിയുമെന്നതിന്റെ തെളിവാണ് ഈ വീഡിയോ എന്ന് പലരും അഭിപ്രായപ്പെട്ടു.
സാധാരണ റീലുകളിൽ നിന്ന് വ്യത്യസ്തമായി വലിയൊരു ക്രിയേറ്റീവ് ചിന്ത ഇതിന് പിന്നിലുണ്ടെന്ന് പ്രേക്ഷകർ ഒരേ സ്വരത്തിൽ സമ്മതിക്കുന്നു.
സിനിമയുടെ വൈകാരികമായ ആഴം ഇത്രത്തോളം മികച്ച രീതിയിൽ പ്രതിഫലിപ്പിച്ച മറ്റൊരു വീഡിയോ ഇല്ലെന്നാണ് ഭൂരിഭാഗം പേരുടെയും പക്ഷം.
കലയും ഭാവനയും ചേരുമ്പോൾ ആവേശം മാത്രമല്ല, അത്ഭുതവും സൃഷ്ടിക്കപ്പെടുമെന്ന് ഈ വൈറൽ വീഡിയോ ഒരിക്കൽ കൂടി അടിവരയിടുന്നു.
Movies
മലയാളസിനിമയിൽ നിരവധി ഹിറ്റുകൾ ഉണ്ടായ വർഷമാണ് 2025. കല്യാണി പ്രിയദർശൻ എന്ന യുവ നായിക മലയാളചലച്ചിത്ര വ്യവസായത്തിൽ ചരിത്രം സൃഷ്ടിച്ചതിനും പോയവർഷം സാക്ഷിയായി.
പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന വലിയ സിനിമകള് നിരാശപ്പെടുത്തിയപ്പോള് അപ്രതീക്ഷിത ഹിറ്റുകളും ബ്ലോക്ക്ബസ്റ്ററുകളും പിറന്നു. 2025ല് ഏറ്റവും വലിയ കളക്ഷന് നേടിയ ചിത്രമായ ധുരന്ധര് ഇപ്പോഴും പ്രദര്ശനം തുടരുകയാണ്.
ആഗോള കളക്ഷൻ 1,128.65 കോടിയിലേറെ നേടിയ, രണ്വീര് സിങ്ങും അക്ഷയ് ഖന്നയും കേന്ദ്രകഥാപാത്രങ്ങളായ ധുരന്ധര് ഈ വര്ഷം ഏറ്റവും കൂടുതല് കളക്ഷന് നേടിയ ചിത്രമായി. ആദ്യത്യ ധര് ആണ് ധുരന്ധറിന്റെ സംവിധാനം.
തൊട്ടുപിന്നാലെ ഏറ്റവും കൂടുതല് കളക്ഷന് നേടിയ ചിത്രം ഋഷഭ് ഷെട്ടിയുടെ കാന്താരയാണ്. 900 കോടിയാണ് ചിത്രം നേടിയത്. ബോളിവുഡ് ചിത്രമായ ഛാവ ആഗോള ബോക്സ്ഓഫീസില് നിന്ന് 809 കോടിയാണ് നേടിയത്.
ധുരന്ധറിനെ കൂടാതെ, പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി നിര്മിച്ച ചിത്രമായ സയാര നാലാം സ്ഥാനത്തെത്തി. 579 കോടി രൂപയാണ് നേടിയത്. 2026-ല് റിലീസ് ചെയ്യാന് പോകുന്നത് വമ്പന് ചിത്രങ്ങളാണ്. രാമായണം: ഭാഗം ഒന്ന്, ധുരന്ധര് 2, ബോര്ഡര് 2 , കിംഗ്, ദൃശ്യം 3 (ഹിന്ദി, മലയാളം), ഫൗസി തുടങ്ങിയവ.
2025-ല് ഇന്ത്യന് ബോക്സ് ഓഫീസില് ഏറ്റവും കൂടുതല് കളക്ഷന് നേടിയ ചിത്രങ്ങള് ഇവയാണ് (ഇന്ത്യന് ബോക്സ്ഓഫീസ് കളക്ഷന് മാത്രമാണ് താഴെ കൊടുക്കുന്നത്):
1. ധുരന്ധര്- 815.00 കോടി
2. കാന്താര: അധ്യായം 1- 701.25 കോടി
3. ഛാവ- 689.00 കോടി
4. സയാര- 393.00 കോടി
5. കൂലി- 323.00 കോടി
6. വാര് 2-287.00 കോടി
7. മഹാവതാര് നരസിംഹ- 268.00 കോടി രൂപ
8. ഒജി- 219.00 കോടി
9. സിതാരെ സമീന് പര്- 199.00 കോടി
10. ലോക അധ്യായം 1 - 183.00 കോടി
11. എല് 2: എമ്പുരാന്- 120.75 കോടി
12. ഡ്രാഗണ് - 114.50 കോടി
Movies
ദൃശ്യം 3യിൽ നിന്നും പിന്മാറിയ ബോളിവുഡ് താരം അക്ഷയ് ഖന്നയ്ക്കെതിരെ നിർമാതാക്കൾ നിയമനടപടിക്കൊരുങ്ങുന്നുവെന്ന് സൂചന.
അക്ഷയ് ഖന്നയ്ക്കെതിരെ നോട്ടീസ് അയക്കാനുള്ള ഒരുക്കത്തിലാണെന്ന് പനോരമ സ്റ്റുഡിയോയുടെ നിർമാതാവ് കുമാർ മംഗത് പഥക് ഒരു ദേശീയ മാധ്യമത്തോട് അറിയിച്ചു.
"അക്ഷയ് ഖന്നയുമായി ഞങ്ങൾ ഒരു കരാറിൽ ഒപ്പുവച്ചിരുന്നു. പ്രതിഫലത്തിന്റെ കാര്യത്തിൽ മൂന്നുതവണയാണ് അദ്ദേഹവുമായി ചർച്ചകൾ നടന്നത്. നിരവധി പുനരാലോചനകൾക്കുശേഷമാണ് കരാറിൽ ഒപ്പുവെച്ചത്. കുറച്ചുദിവസം കഴിഞ്ഞപ്പോൾ തന്റെ കഥാപാത്രത്തിന് വിഗ് വേണമെന്ന് പറഞ്ഞ് അക്ഷയ് വിളിച്ചു. എന്നാൽ സംവിധായകൻ അഭിഷേക് പഥക് അദ്ദേഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തി'.
"ദൃശ്യം 2ന്റെ തുടർച്ചയാണ് ദൃശ്യം 3. അതിൽ അക്ഷയ്യുടെ കഥാപാത്രത്തിന് വിഗ് ഇല്ല. അതുകൊണ്ട് ആ ആവശ്യം ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. അപ്പോഴും അക്ഷയ്ക്ക് ചുറ്റുമുള്ള ആളുകൾ, വീണ്ടും ഇതേ കാര്യം പറഞ്ഞ് നിർബന്ധിച്ചു. അക്ഷയ് വീണ്ടും ഞങ്ങളെ വിളിച്ച്, ഇതേ കാര്യം പറഞ്ഞു. ഇതിനെക്കുറിച്ച് ചർച്ച ചെയ്യാമെന്ന് സംവിധായകൻ സമ്മതിക്കുകയും ചെയ്തു. അതിനിടെയാണ് പെട്ടെന്നൊരു ദിവസം ഞങ്ങളെ വിളിച്ച്, സിനിമയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞത്'. നിർമാതാവ് ആരോപിക്കുന്നു.
"അക്ഷയ് സ്വയം ഒരു സൂപ്പർസ്റ്റാറായിട്ടാണ് ഇപ്പോൾ കരുതുന്നത്. വിജയം അദ്ദേഹത്തിന്റെ തലയിലേക്ക് കയറിയിരിക്കുന്നു. ദുരന്ധർ ഇപ്പോഴും തിയറ്ററുകളിൽ ഓടുന്നത് താൻ കാരണമെന്നാണ് അദ്ദേഹം കരുതുന്നത്. അക്ഷയ് ഒന്നുമല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ അദ്ദേഹത്തോടൊപ്പം സെക്ഷൻ 375 എന്ന സിനിമ ചെയ്യുന്നത്'.
"അദ്ദേഹത്തിന്റെ പ്രൊഫഷണലല്ലാത്ത പെരുമാറ്റം കാരണം അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കരുതെന്ന് പലരും ഞങ്ങളോട് പറഞ്ഞു. അത് സത്യമായിരുന്നു. എന്നിട്ടും എങ്ങനെയൊക്കെയോ ഷൂട്ടിംഗ് പൂർത്തിയാക്കി. ആ സിനിമ അദ്ദേഹത്തിന് ഒരുപാട് അംഗീകാരം നൽകി. അതിനുശേഷമാണ് ഒട്ടേറെ അവസരങ്ങൾ ലഭിച്ചത്. അതിനുമുമ്പ് എത്രയോ വർഷങ്ങൾ അദ്ദേഹം വീട്ടിൽ വെറുതെയിരുന്നു. ഷൂട്ടിങ്ങിന് 10 ദിവസം മുമ്പാണ് സിനിമയിൽനിന്ന് പിൻമാറുന്നത്. സിനിമയിൽ അഭിനയിക്കുന്നതിനായി 21 കോടിയാണ് അദ്ദേഹം ആവശ്യപ്പെട്ടത്'-മംഗത് പഥക് വ്യക്തമാക്കി.
അതേസമയം, അക്ഷയ് ഖന്നയ്ക്ക് പകരം ജയ്ദീപ് അഹ്ലാവത് ചിത്രത്തിൽ പോലീസ് വേഷത്തിലെത്തും.
Viral
പെൺകുഞ്ഞിന്റെ ജനനം വേറിട്ട രീതിയിൽ ആഘോഷമാക്കിയ ഒരു അച്ഛന്റെ ദൃശ്യങ്ങൾ ഇപ്പോൾ സൈബർ ലോകത്ത് തരംഗമാവുകയാണ്.
ആശുപത്രിയിൽ വെച്ച് തന്റെ പൊന്നോമനയെ ആദ്യമായി കണ്ട നിമിഷം, ആവേശമടക്കാനാവാതെ 'ധുരന്ധർ' എന്ന സിനിമയിലെ 'ഫസ്ല' എന്ന വൈറലായ ഗാനത്തിന് ചുവടുവെച്ചാണ് ഈ പിതാവ് തന്റെ സന്തോഷം പ്രകടിപ്പിച്ചത്.
നഴ്സ് കുഞ്ഞിനെ കൈകളിലേന്തി നിൽക്കുമ്പോൾ അങ്ങേയറ്റം സന്തോഷത്തോടെ നൃത്തം ചെയ്യുന്ന ഈ അച്ഛനെ 'ധുരന്ധർ' ചിത്രത്തിന്റെ സംവിധായകൻ ആദിത്യ ധറും ഭാര്യയും പ്രശസ്ത നടിയുമായ യാമി ഗൗതമും ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് അഭിനന്ദിച്ചു.
ഈ ട്രെൻഡിലെ ഏറ്റവും മികച്ച പ്രകടനം ഇതാണെന്നാണ് യാമി ഗൗതം വിശേഷിപ്പിച്ചത്. സിനിമാ താരങ്ങളായ യാമി ഗൗതമും ആദിത്യ ധറും ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചു കഴിഞ്ഞു.
പെൺകുഞ്ഞുങ്ങളുടെ ജനനം തുല്യമായ ആവേശത്തോടെ ആഘോഷിക്കപ്പെടണമെന്ന വലിയ സന്ദേശം ഈ കൊച്ചു വീഡിയോ നൽകുന്നുണ്ടെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.
നിലവിൽ ആഗോളതലത്തിൽ തരംഗമായ ഈ ബഹ്റൈനി സംഗീതത്തിന്റെ അർഥം പോലെ തന്നെ, ശുദ്ധമായ ആനന്ദത്തിന്റെ പ്രകടനമായി ഈ പിതാവിന്റെ നൃത്തം മാറി.
Movies
സൂപ്പർഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുന്ന ധുരന്ധർ എന്ന ചിത്രത്തിലെ അക്ഷയ് ഖന്നയുടെ പ്രകടനത്തെക്കുറിച്ച് വൻ അഭിപ്രായമാണ് ലഭിക്കുന്നത്. സമൂഹമാധ്യമങ്ങളെല്ലാം അക്ഷയ് കീഴടക്കിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലേയ്ക്ക് അക്ഷയ് ഖന്ന എങ്ങനെ എത്തിയെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടർ മുകേഷ് ഛബ്ര.
അക്ഷയ് ഖന്നയുടെ സത്യസന്ധതയും തീരുമാനശേഷിയുമാണ് തന്നെ ആകർഷിച്ചതെന്ന് മുകേഷ് പറയുന്നു.
''അക്ഷയ് ഖന്ന ഒരു അത്ഭുതമാണ്! ഇപ്പോൾ അദ്ദേഹത്തെ എല്ലാവരും അക്ഷരാർത്ഥത്തിൽ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രം പുറത്തിറങ്ങിയ സമയം മുതൽ സമൂഹമാധ്യമങ്ങൾ ഭരിക്കുന്നത് അക്ഷയ് ഖന്നയുടെതാണ്. എവിടെ പോയാലും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രം, എക്സ് എന്നിങ്ങനെ എല്ലാ ടൈംലൈനിലും കാണുന്നത് അദ്ദേഹത്തെ മാത്രമാണ്. അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ചു മാത്രമാണ് ആളുകൾ സംസാരിക്കുന്നത്.
അദ്ദേഹം തന്റെ ജോലിയിൽ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കാസ്റ്റിംഗിനായി അക്ഷയ് ഖന്നയെ തെരഞ്ഞെടുക്കുന്നതിനു മുമ്പ് നിരവധി പേരുകൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഞങ്ങൾ അദ്ദേഹത്തിന്റെ വേഷത്തിനായി മറ്റുപലരുടെയും പേരുകൾ എഴുതി. എന്നാൽ അവസാനം അത് അക്ഷയ് ഖന്നയിലേയ്ക്കെത്തി. അക്ഷയ് ഖന്നയുടെ സത്യസന്ധതയും തീരുമാനശേഷിയുമാണ് എനിക്കേറ്റവും ഇഷ്ടമായത്''. മുകേഷ് ഛബ്ര പറഞ്ഞു.
കുറ്റകൃത്യങ്ങളുടെ രാജാവായ റഹ്മാൻ ദകൈത്തിനെയാണ് ചിത്രത്തിൽ അക്ഷയ് ഖന്ന അവതരിപ്പിക്കുന്നത്.
അതേസമയം 10 ദിവസംകൊണ്ട് 500 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫിസിൽ കളക്ഷൻ നേടിയത്. ഇതോടെ ഷാരൂഖ് ഖാന്റെ ഡങ്കി (470 കോടി), ഹൃതിക് റോഷന്റെ വാർ (449 കോടി), അല്ലു അർജുന്റെ പുഷ്പ (318 കോടി) എന്നീ ചിത്രങ്ങളുടെ ബോക്സ് ഓഫിസ് കളക്ഷൻ ധുരന്ധർ മറികടന്നു.
Movies
ചലച്ചിത്രാസ്വാദകർ ആഘോഷമാക്കിയ ധുരന്ധറിന്റെ മഹാവിജയത്തിന് ശേഷം ബോളിവുഡ് സൂപ്പര്താരം രണ്വീര് സിംഗ് സോംബി ത്രില്ലറിനായി ഒരുങ്ങുന്നു. പത്തു ദിവസത്തിനുള്ളില് 500 കോടിയിലേറെ കളക്ഷന് പിന്നിട്ട 'ധുരന്ധ'റിനു ശേഷം രണ്വീര് സിംഗ് തിരക്കിലേക്കു കടക്കുകയാണ്.
ഇതിനു പുറമെ അണിയറയില് ബ്രഹ്മാണ്ഡചിത്രങ്ങള് ഒരുങ്ങുന്നതായാണ് ബോളിവുഡില്നിന്നുള്ള റിപ്പോര്ട്ട്. മെഗാ ബജറ്റ് തെലുങ്ക് ചിത്രത്തിനായി ഡേറ്റ് നല്കിയെന്നും റിപ്പോര്ട്ടുകളുണ്ട്. സോംബി ത്രില്ലറിനായി മുംബൈയില് ഹംഗര് ഗെയിംസ്-സ്റ്റൈല് ലൊക്കേഷന് സജ്ജമാക്കാന് നിര്മാതാക്കള് ഒരുങ്ങി.
ജയ് മേത്ത സംവിധാനം ചെയ്യുന്ന സോംബി ത്രില്ലറിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്. 2026 ജൂലൈ-ഓഗസ്റ്റില് ആരംഭിക്കാന് ഷെഡ്യൂള് ചെയ്ത ചിത്രം, മുംബൈയുടെ സാമൂഹികവും വൈകാരികവും ധാര്മികവുമായ തകര്ച്ചയ്ക്കിടയിലുള്ള അതിജീവനത്തെ ഇതിവൃത്തമാക്കുന്നു.
കുറഞ്ഞ പ്രമോഷനുകള് ഉണ്ടായിരുന്നിട്ടും ധുരന്ധര് ബോക്സ്ഓഫീസ് തൂത്തുവാരി മുന്നേറുന്ന സമയത്താണ് പുതിയ ചിത്രത്തിന്റെ വാര്ത്തകള് ആരാധകര് ആഘോഷമാക്കിയത്. 1992 ദി ഹര്ഷദ് മേത്ത സ്റ്റോറി എന്ന ഹിറ്റ് ചിത്രത്തിന്റെ സഹസംവിധായകനായ ഹന്സല് മേത്തയുടെ മകനാണ് ചിത്രം സംവിധാനം ചെയ്യുന്ന ജയ് മേത്ത. ഡോണ് 3 പൂര്ത്തിയാക്കിയതിനുശേഷമാണ് സോംബി ത്രില്ലറിനുവേണ്ടി രണ്വീര് ഒരുങ്ങുക.
സോംബി ത്രില്ലറിനായി മുംബൈ നഗരത്തിന്റെ വലിയ ഭാഗങ്ങള് ഡിജിറ്റല് രീതിയില് പുനഃസൃഷ്ടിക്കും. അതു സിനിമയ്ക്ക് വലിയ ആകര്ഷണമാകും. ഇതിനായുള്ള അന്വേഷണങ്ങളും പഠനങ്ങളും അണിയറക്കാര് ആരംഭിച്ചു. അതേസമയം, ഏതു കാലഘട്ടമാണ് പുനഃസൃഷ്ടിക്കുക എന്നത് അണിയറക്കാര് പുറത്തുവിട്ടിട്ടില്ല.
ചിത്രത്തിന്റെ പ്രധാന രംഗങ്ങളെല്ലാം മുംബൈയില് ചിത്രീകരിക്കും. തുടര്ന്ന് മറ്റ് സ്ഥലങ്ങളിലേക്ക് മാറും. ധുരന്ധര് 2 - റിവഞ്ച് എന്ന ചിത്രവും അണിയറയില് ഒരുങ്ങുന്നുണ്ട്. 2026 മാര്ച്ച് 19 ന് തിയറ്ററുകളില് എത്തിക്കാനാണ് അണിയറക്കാര് ലക്ഷ്യമിടുന്നത്.
Movies
രൺവീർ സിംഗ് നായകനായ ധുരന്ദർ സിനിമയ്ക്ക് ഗൾഫ് രാജ്യങ്ങളിൽ വിലക്ക് ഏർപ്പെടുത്തി. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിന് ആറ് ഗൾഫ് രാജ്യങ്ങളിൽ പ്രദർശന വിലക്കേർപ്പെടുത്തി. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലാണ് ചിത്രത്തിന് പ്രദർശനവിലക്ക്.
സ്പൈ–ആക്ഷൻ ത്രില്ലർ ചിത്രമായ ധുരന്ദറിലെ പാക്കിസ്ഥാൻ വിരുദ്ധ പരാമർശത്തെ തുടർന്നാണ് ചിത്രത്തിന് വിലക്കേർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. വിജയക്കുതിപ്പ് തുടരുന്നതിനിടെയാണ് ഗൾഫ് രാജ്യങ്ങളിൽ ചിത്രത്തിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. സാമ്പത്തികമായും വലിയ ആഘാതമാകും സിനിമയുടെ നിർമാതാക്കൾ നേരിടേണ്ടി വരിക.
ഫൈറ്റർ, സ്കൈ ഫോഴ്സ്, ദ് ഡിപ്ലോമാറ്റ്, ആർട്ടിക്കിൾ 370, കശ്മീർ ഫയൽസ് എന്നീ ചിത്രങ്ങള്ക്കും പാക്കിസ്ഥാൻ വിരുദ്ധത ആരോപിച്ച് ഗൾഫിൽ പ്രദർശനവിലക്ക് നേരിട്ടിരുന്നു.
ഹൃത്വിക് റോഷൻ – ദീപിക ചിത്രമായ ഫൈറ്റർ യുഎഇയിൽ റിലീസ് ചെയ്തെങ്കിലും പിന്നീട് ചില ദൃശ്യങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും ചിത്രത്തിന് പിന്നീട് പ്രദർശനാനുമതി നൽകിയില്ല.
Movies
രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ് ആക്ഷൻ ത്രില്ലർ ധുരന്ദറിന്റെ ട്രെയിലർ പുറത്ത്. മലയാളി താരം സാറാ അർജുനാണ് നായിക. വമ്പൻ ആക്ഷനുകളുമായി സ്പൈ ത്രില്ലർ ചിത്രമായാണ് ധുരന്ദർ എത്തുന്നത്. അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു
ചിത്രത്തിലെ മാധവന്റെ ലുക്ക് നേരത്തെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല് ആയാണ് മാധവൻ ചിത്രത്തില് എത്തുന്നത് എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.